ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
തദ്ദേശഭരണ സ്ഥാപന ചരിത്രം
തൃശ്ശൂര്‍ ജില്ലയിലെ തലപ്പിള്ളി താലൂക്കില്‍ പഴയന്നൂര്‍ ബ്ലോക്കിലാണ് വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ചെറുതുരുത്തി, നെടുമ്പുര എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന വള്ളത്തോള്‍നഗര്‍ ഗ്രാമപഞ്ചായത്തിന് 19.87 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ കിഴക്കുഭാഗത്ത് പാഞ്ഞാള്‍ പഞ്ചായത്തും പടിഞ്ഞാറുഭാഗത്ത് ദേശമംഗലം, വരവൂര്‍ പഞ്ചായത്തുകളും തെക്കുഭാഗത്ത് മുള്ളൂര്‍ക്കര പഞ്ചായത്തും വടക്കുഭാഗത്ത് ഷൊര്‍ണ്ണൂര്‍ മുനിസിപ്പാലിറ്റിയുമാണ്. ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഗ്രാമമാണ് ചെറുതുരുത്തി. മഹാകവി വള്ളത്തോളിന്റെ പേരിലറിയപ്പെടുന്ന ഈ ഗ്രാമത്തിന്റെ പേരും പെരുമയും ലോകമെമ്പാടും എത്തിച്ചുകൊണ്ട് കേരളകലാമണ്ഡലം ഇവിടെ സ്ഥിതി ചെയ്യുന്നു. ഭരതപ്പുഴയും, കൊച്ചു കുന്നുകളും, പച്ചപ്പട്ടു വിരിച്ച പാടശേഖരങ്ങളും, സമൃദ്ധമായ തെങ്ങിന്‍ പുരയിടങ്ങളും, അവക്കിടയില്‍ പൌരാണിക വാസ്തുശില്‍പഭംഗിയുള്ള വീടുകളും, അതിനെല്ലാമുപരി കേരളകലാമണ്ഡലത്തിന്റെ സാന്നിധ്യവും ഒക്കെകൂടി ഈ ഗ്രാമത്തിനു നല്‍കുന്ന മനോഹാരിത ഒപ്പിയെടുക്കാന്‍ ചലച്ചിത്രനിര്‍മ്മാതാക്കളും സഞ്ചാരികളും ചെറുതുരുത്തിയിലേക്ക് ഒഴുകിയെത്തുന്നത് ഇന്നാരു പതിവുകാഴ്ചയാണ്. ഗ്രാമത്തിന്റെ ഭൂപ്രകൃതിയേയും കാലാവസ്ഥയേയും ഭരതപ്പുഴയുടെ സാന്നിധ്യം വളരെയേറെ സ്വാധീനിക്കുന്നു. മുണ്ടവൈദ്യന്‍ എന്നപേരില്‍ പ്രശസ്തനായ ഒരു വൈദ്യര്‍ ഇവിടെ ജീവിച്ചിരുന്നു. ദൂരനാടുകളില്‍ പോലും കീര്‍ത്തി വ്യാപിച്ചിരുന്ന അദ്ദേഹത്തെ തേടി അന്യസംസ്ഥാനങ്ങളില്‍ നിന്നുപോലും ചികിത്സാര്‍ത്ഥം ആളുകള്‍ ഇവിടേക്ക് ഒഴുകിയിരുന്നു. ദൂരയാത്രയ്ക്ക് തീവണ്ടി മാത്രം ആശ്രയമായിരുന്ന ആ കാലഘട്ടത്തില്‍ മുണ്ടവൈദ്യരെ സന്ദര്‍ശിക്കാന്‍ വരുന്നവരുടെ സൌകര്യാര്‍ത്ഥം അന്നത്തെ സര്‍ക്കാര്‍, ചെറുതുരുത്തിയില്‍ ഒരു റെയില്‍വേ സ്റ്റേഷന്‍ സ്ഥാപിച്ചുകൊടുത്തുവെന്നത് ഈ ഗ്രാമത്തിന്റെ ചരിത്രത്തിനു മാത്രം സ്വന്തമായ പ്രത്യേകതയാണ്. ജവഹര്‍ലാല്‍ നെഹ്റു കലാമണ്ഡലം രജതജൂബിലി ആഘോഷം ഉല്‍ഘാടനം ചെയ്യുന്നതിന് വന്നപ്പോള്‍, അക്കാലത്ത് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.പി.മൊയ്തുസാഹിബ്, പ്രധാനമന്ത്രിക്ക് ആദ്യസ്വീകരണം നല്‍കേണ്ടത് പഞ്ചായത്താണെന്ന് പ്രഖ്യാപിക്കുകയുണ്ടായി. തുടര്‍ന്ന് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു പഞ്ചായത്തുവക സ്വീകരണം ഏറ്റുവാങ്ങിയതിനു ശേഷം മാത്രമാണ് കലാമണ്ഡലത്തിന്റെ പരിപാടിയില്‍ പങ്കെടുത്തത് എന്നുള്ളത് അവിസ്മരണീയസംഭവമായി ഇന്നും വിലയിരുത്തപ്പെടുന്നു. ഈ ഗ്രാമത്തിന്റെ ഭൂപ്രകൃതിയേയും കാലാവസ്ഥയേയും ഭരതപ്പുഴയുടെ സാന്നിധ്യം വളരെയേറെ സ്വാധീനിക്കുന്നുണ്ട്. നദിതീരത്തോടടുത്ത പ്രദേശങ്ങള്‍ വളക്കൂറുള്ള ഭൂമിയാണെങ്കിലും ഉള്‍നാടന്‍ പ്രദേശങ്ങള്‍ അത്രതന്നെ ഫലഭൂയിഷ്ഠമല്ല. ചെമ്മണ്ണും, വെട്ടുകല്ലും, കളിമണ്ണും, ചരലും കലര്‍ന്ന ഭൂവിഭാഗമാണ്. മുന്‍കാലത്ത് പാലക്കാടന്‍ ചുരം കടന്നെത്തുന്ന വരണ്ട കാറ്റ് ഇവിടത്തെ ഭൂപ്രകൃതിയിലും കാലാവസ്ഥയിലും നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിയിരുന്നു.
സാമൂഹ്യചരിത്രം
നെല്‍പ്പാടങ്ങളും മാവിന്‍തോപ്പുകളും വാഴത്തോട്ടങ്ങളും കവുങ്ങിന്‍ തോട്ടങ്ങളും മറ്റു പലവിധ ഫലവൃക്ഷങ്ങളുമെല്ലാമുള്ള പ്രകൃതിമനോഹരമായ ചെറുതുരുത്തി ഗ്രാമം നിളാനദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു. മഹാകവി വള്ളത്തോളിന്റെ പേരില്‍ അറിയപ്പെടുന്നു എന്നതുതന്നെ ഈ ഗ്രാമപഞ്ചായത്തിന്റെ ധന്യമായ സാംസ്കാരികപശ്ചാത്തലത്തിന് മകുടോദാഹരണമാണ്. നെല്ലായിരുന്നു പണ്ടുമുതലേ ഇവിടുത്തെ പ്രധാനകൃഷി. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ ദേശത്തെ ഭൂമി മുഴുവന്‍, ജന്‍മികളായിരുന്ന വാദ്ധ്യാര്‍മന, മണ്ണഴി, കപ്ളിങ്ങാട്ട്, മാത്തൂര്‍, മെയ്ക്കാട്, വൈലിശ്ശേരി, കരിപ്പാല്‍, കായ്പഞ്ചരി, തിരുവില്ലാകാട്, പനമന, എന്നീ നമ്പൂതിരി ഇല്ലങ്ങളും, താഴപ്ര നായര്‍, വടക്കേപ്പാട് എന്നീ കുടുംബക്കാരും ചേര്‍ന്ന് കൈയ്യടക്കി വച്ചിരിക്കയായിരുന്നു. കുടിയായ്മ, കുടികിടപ്പ്, കാണപ്പാടം, വെറുംപാട്ടം, കുറ്റിമൂപ്പ് (താല്‍ക്കാലികാവകാശം) എന്നീ സമ്പ്രദായങ്ങളിലധിഷ്ഠിതമായിരുന്നു സാധാരണ കൃഷിക്കാരനും ഭൂവുടമയും തമ്മിലുള്ള ബന്ധം. പില്‍ക്കാലത്ത് സാമൂഹ്യരാഷ്ട്രീയരംഗങ്ങളില്‍ വന്ന മാറ്റങ്ങള്‍ക്കനുസൃതമായി നിലവില്‍ വന്ന ഭൂപരിഷ്ക്കരണ നടപടിക്രമങ്ങള്‍ ജന്‍മി സമ്പ്രദായത്തിന് അറുതി വരുത്തുകയും മണ്ണില്‍ പണിയെടുത്തിരുന്നവര്‍ക്ക് ഭൂമി സ്വന്തമാകും വരേയും ഈ അവസ്ഥ തുടരുകയും ചെയ്തു. നാടന്‍ വിത്തിനങ്ങളായ ചിറ്റാനി, തവളക്കണ്ണന്‍, നമര, ചീര, കട്ടമോഡന്‍, വെള്ളരിക്കഴമ, ഒറ്റലകന്‍ എന്നീ പ്രതിരോധശേഷിയുള്ള വിത്തിനങ്ങള്‍ കാലാവസ്ഥയെ ആശ്രയിച്ച് കൃഷി ചെയ്തിരുന്നു. കന്നുകാലികളെ ഉപയോഗിച്ച് നിലം ഉഴുകയും മഴയെ ആശ്രയിച്ച് കൃഷി ചെയ്യുകയും ജലസേചനസൌകര്യം ഇല്ലാത്ത സ്ഥലത്ത് കാളത്തേക്ക്, കയറ്റുകൊട്ട, കൊട്ടത്തേക്ക്, ഏത്തം എന്നീ ജലസേചനരീതികള്‍ അവലംബിച്ചും, ചാണകം, പച്ചില, ചാരം, ആട്ടിന്‍കാഷ്ഠം എന്നീ ജൈവവളങ്ങള്‍ ഉപയോഗിച്ചും പുഴുക്കേടിനെ നിയന്ത്രിക്കാന്‍ മുറം കൊണ്ട് വീശിയും ചിതല്‍കേടിന് വെണ്ണീര്‍ ഉപയോഗിച്ചും പാടങ്ങളിലുള്ള തവള, ഞണ്ട്, മത്സ്യം, ഞാഞ്ഞൂല്‍ എന്നീ ജീവികളെ ഉപയോഗിച്ചുള്ള ജൈവകീടനിയന്ത്രണം വഴിയുമായിരുന്നു അന്നത്തെ കര്‍ഷകന്‍ കൃഷിചെയ്തിരുന്നത്. മഴയെ ആശ്രയിച്ചുള്ള നെല്‍കൃഷിയായിരുന്നു ഇവിടുത്തെ പ്രധാനവിള. കരകൃഷിയാകട്ടെ വളരെ വിരളമായിരുന്നു. പില്‍ക്കാലത്ത് കൃഷിയ്ക്കും കൃഷി സമ്പ്രദായങ്ങള്‍ക്കും ഏറെ പരിവര്‍ത്തനങ്ങള്‍ വന്നു. തെങ്ങ്, കവുങ്ങ്, കുരുമുളക്, വാഴ, റബ്ബര്‍ തുടങ്ങിയ കൃഷികള്‍ക്ക് പ്രചാരം നല്‍കിക്കൊണ്ട് കുടിയേറ്റക്കാര്‍ കടന്നുവന്നതോടെ ഇവിടുത്തെ കാര്‍ഷികമേഖലയില്‍ വമ്പിച്ച മാറ്റം ഉളവായിട്ടുണ്ട്. പഞ്ചായത്തില്‍ ആദ്യമായി കര്‍ഷക സംഘം രൂപം കൊണ്ടത് 1954-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലാണ്. 1950-കളുടെ അവസാന ഘട്ടത്തില്‍ നിലവില്‍ വന്ന കൂട്ടായ്മാനിയമവും തുടര്‍ന്ന് 1971-ല്‍ നിലവില്‍ വന്ന ഭൂപരിഷ്ക്കരണനിയമവും കാര്‍ഷികമേഖലയില്‍ വന്‍ വിപ്ളവം സൃഷ്ടിച്ചിട്ടുണ്ട്. ഭൂപരിഷ്കരണ നിയമം വരുന്നതുവരെ ജന്‍മി-കുടിയാന്‍ സമ്പ്രദായമായിരുന്നു നിലനിന്നിരുന്നത്. കൃഷിക്കാരന്‍ ജന്‍മിമാരില്‍നിന്നും കൃഷിഭൂമി പാട്ടത്തിന് വങ്ങി കൃഷി ചെയ്തിരുന്നു. കൃഷിക്ക് നാശം സംഭവിച്ചാലും ഇല്ലെങ്കിലും കുടിയാന്‍മാര്‍ പാട്ടം നല്‍കുക എന്നത് നിര്‍ബന്ധമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ഒന്നാം ദശകത്തിന്റെ അന്ത്യത്തില്‍, ശ്രീനാരായണഗുരു നെടുമ്പുരയിലെ പടിഞ്ഞാറക്കര മുണ്ടവൈദ്യരുടെ വസതി സന്ദര്‍ശിക്കുകയും നിരവധി ആളുകളുടെ സാന്നിധ്യത്തില്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായുള്ള തന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, അവിടെയുണ്ടായിരുന്ന പാമ്പിന്‍കാവും കരികുട്ടി, പറക്കുട്ടി തുടങ്ങിയ നീചദൈവങ്ങളുടെ വിഗ്രഹങ്ങളും നീക്കം ചെയ്യിച്ചു. ആ മഹാത്മാവിന്റെ പ്രേരണയാല്‍ മുണ്ടവൈദ്യരുടെ നേതൃത്വത്തില്‍ അയിത്തജാതിക്കാരോടൊപ്പം സവര്‍ണ്ണരും ചേര്‍ന്നുകൊണ്ട് പന്തിഭോജനവും നടന്നു. ബ്രിട്ടീഷുകാര്‍ നേരിട്ട് ഭരണം നടത്തിയിരുന്ന മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായിരുന്നല്ലോ മലബാര്‍ പ്രദേശം. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ദേശിയ പ്രസ്ഥാനത്തിന്റെ എറനാട്-വള്ളുവനാട് കര്‍ഷകപ്രക്ഷോഭമടക്കമുള്ള സമരമുറകള്‍ ഈ പ്രദേശത്ത് ശക്തമായി അലയടിച്ചിട്ടുണ്ട്. സമാനകാലഘട്ടത്തില്‍ കൊച്ചി-തിരുവിതാംകൂര്‍ നാട്ടുരാജ്യങ്ങളില്‍ പ്രത്യേകസംഘടനകളാണ് ജനാധിപധ്യത്തിനുവേണ്ടി പ്രക്ഷോഭം നയിച്ചിരുന്നത്. ഈ പഞ്ചായത്ത് മലബാറിനോട് തൊട്ടുകിടക്കുന്നു എന്നതിനാല്‍ അവിടെയുണ്ടായ മേല്‍പ്പറഞ്ഞ സമരങ്ങള്‍ ഈ ഗ്രാമത്തിലും ചലനങ്ങള്‍ ഉളവാക്കി. പില്‍ക്കാലത്ത് ഇവിടെയുണ്ടായിരുന്ന സംഘടനകളും, തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സും, കൊച്ചി പ്രജാമണ്ഡലവും ദേശീയധാരയില്‍ അലിഞ്ഞ് ഒന്നുചേര്‍ന്നു. മലബാറിലും കൊച്ചിയിലും അക്കാലത്തുണ്ടായിവന്ന പുരോഗമനചിന്തയുടെ അലമാലകള്‍ പഞ്ചായത്തിലെ യുവപ്രതിഭകളിലും ചലനം സൃഷ്ടിച്ചിട്ടുണ്ട്. സ്വാതന്ത്ര്യലബ്ധിക്കു ശേഷവും അവര്‍ണ്ണര്‍ക്ക് വഴിനടക്കുന്നതിനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി സമരം നടന്നിട്ടുണ്ട്. സ്റ്റേറ്റ് ഹൈവേയായ തൃശൂര്‍-ഷൊര്‍ണ്ണൂര്‍ റോഡ് വള്ളത്തോള്‍ നഗര്‍ പഞ്ചായത്തിലൂടെ നാലു കിലോമീറ്റര്‍ ദൂരം കടന്നുപോകുന്നു. ഈ പാതയില്‍ കൊച്ചിപ്പാലം എന്ന പേരിലറിയപ്പെടുന്ന ഒരു പാലം ഷൊര്‍ണ്ണൂരിനെ (പാലക്കാട് ജില്ലയെ) തൃശൂര്‍ ജില്ലയുമായി ബന്ധിപ്പിക്കുന്നു. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള പാലമാണിത്. പഴയ ബ്രിട്ടീഷ് സര്‍ക്കാരിന്റെ കാലത്ത് റെയില്‍വേപാലമായി ഉപയോഗിച്ചിരുന്ന പ്രസ്തുതപാലം പിന്നീട് റോഡുഗതാഗതത്തിന് ആവശ്യമായ വ്യതിയാനങ്ങള്‍ വരുത്തി (സ്ലാബ് പാകി) ഉപയോഗപ്രദമാക്കുകയാണ് ചെയ്തത്.
ആരോഗ്യ-വിദ്യാഭ്യാസ ചരിത്രം
ആയുര്‍വേദപണ്ഡിതനും കീര്‍ത്തികേട്ട മഹാവൈദ്യനുമായിരുന്ന പടിഞ്ഞാക്കര മുണ്ടവൈദ്യന്‍ ഈ ഗ്രാമത്തിന്റെ സന്താനമാണ്. 1874-ല്‍ ജനിച്ച്, 1927-ല്‍ 53-ാം വയസ്സില്‍ അന്തരിച്ച അദ്ദേഹം ചികിത്സാരംഗത്ത് ഒരത്ഭുതമായിരുന്നു. പ്രതിഫലേച്ഛ കൂടാതെ ആതുരസേവനരംഗത്ത് സേവനമനുഷ്ഠിച്ച മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹം. മുണ്ടവൈദ്യരില്‍ നിന്നും ചികിത്സ ലഭിക്കുന്നതിനായി കൊച്ചി-മലബാര്‍ മേഖലയില്‍നിന്നുള്ളവരേക്കാള്‍ കൂടുതലായി തമിഴ്നാട് പോലെ വിദൂരദേശങ്ങളില്‍ നിന്നുള്ള രോഗികള്‍ എത്തിയിരുന്നു. ദൂരയാത്രയ്ക്ക് തീവണ്ടി മാത്രം ആശ്രയമായിരുന്ന ആ കാലഘട്ടത്തില്‍ മുണ്ടവൈദ്യരെ സന്ദര്‍ശിക്കാന്‍ വരുന്നവരുടെ സൌകര്യാര്‍ത്ഥം അന്നത്തെ സര്‍ക്കാര്‍, ചെറുതുരുത്തിയില്‍ ഒരു റെയില്‍വേ സ്റ്റേഷന്‍ സ്ഥാപിച്ചുകൊടുത്തുവെന്നത് ഈ ഗ്രാമത്തിന്റെ ചരിത്രത്തിനു മാത്രം സ്വന്തമായ പ്രത്യേകതയാണ്. ഗവണ്‍മെന്റ് ഹൈസ്ക്കൂളിന് സമീപം ഇന്നത്തെ മൃഗചികിത്സാകേന്ദ്രം സ്ഥിതിചെയ്യുന്ന കെട്ടിടമായിരുന്നു അന്നത്തെ റെയില്‍വേ സ്റ്റേഷന്‍. മീറ്റര്‍ഗേജ് റെയില്‍വേ ലൈന്‍ ബ്രോഡ്ഗേജാക്കി മാറ്റുകയും പുതിയ റെയില്‍വേ പാലം നിര്‍മ്മിക്കുകയും പാത കുറേക്കൂടി കിഴക്കു കൂടിയാവുകയും ചെയ്തതോടെ പ്രസ്തുത റെയില്‍വേ സ്റ്റേഷന്‍ പ്രവര്‍ത്തനരഹിതമായി. അപ്പോഴേക്കും മുണ്ടവൈദ്യര്‍ കാലയവനികക്കുള്ളില്‍ മറയുകയും ചെയ്തു. അദ്ദേഹത്തിന്റെ വസതിയോടുചേര്‍ന്ന് ഒരു പോസ്റ്റോഫീസും സ്ഥാപിച്ചുകൊടുത്തിരുന്നു എന്നതില്‍ നിന്നും അയല്‍നാടുകളുമായുണ്ടായിരുന്ന ചികിത്സാ ബന്ധത്തിന്റെ വൈപുല്യം വ്യക്തമാകും. കൊച്ചിരാജകൊട്ടാരത്തിലെ ചികിത്സകനായിരുന്ന അദ്ദേഹത്തെ മഹാരാജാവ് ആസ്ഥാനവൈദ്യര്‍സ്ഥാനം നല്‍കി ആദരിച്ചിരുന്നു. അമാലന്‍മാരുടെ സഹായത്തോടെ മഞ്ചലില്‍ സഞ്ചരിച്ചാണ് സമീപസ്ഥ മനകളിലും മറ്റു ഗൃഹങ്ങളിലും അവശരായ രോഗികളെ അദ്ദേഹം ചികിത്സിച്ചിരുന്നത്. അയിത്താചാരം കൊടികുത്തിവാണിരുന്ന അക്കാലത്ത് അയിത്തജാതിയില്‍ പിറന്ന ആ മഹാപ്രതിഭയെ ഏവരും ആദരവോടെ സ്വീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാഗിനേയനും ശിഷ്യനുമായ ബാപ്പു വൈദ്യരും, മകന്‍ മാധവന്‍ വൈദ്യരും മുണ്ടവൈദ്യരുടെ പാരമ്പര്യം കാത്തുസൂക്ഷിച്ചിരുന്ന പ്രഗത്ഭമതികളായിരുന്നു. മുണ്ടവൈദ്യരുടെ കാലശേഷം അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം സ്ഥാപിക്കപ്പെട്ട ആനന്ദമന്ദിരം എന്ന അനാഥമന്ദിരം പത്തു വര്‍ഷത്തോളം മാത്രം നിലനിന്നു. മുണ്ടവൈദ്യര്‍ മെമ്മോറിയല്‍ പ്രൈമറി സ്ക്കൂള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. ബ്രിട്ടീഷുക്കാരുടെ വരവിനു ശേഷം അലോപ്പതി ചികിത്സക്ക് കൂടുതല്‍ പ്രചാരം സിദ്ധിക്കയും ആയുര്‍വേദചികിത്സാരംഗം പിന്തള്ളപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടായി. വള്ളത്തോള്‍ നഗര്‍ പഞ്ചായത്തിലെ വിദ്യാഭ്യാസചരിത്രം പരിശോധിച്ചാല്‍ ചില മഹത് വ്യക്തികളുടെ പരിശ്രമങ്ങള്‍ തെളിഞ്ഞുകാണാം. കൊളമ്പില്‍ പടിഞ്ഞാക്കര യൂസഫ് ഹാജി, കിഴക്കേപ്പീടികയില്‍ മുഹമ്മദ്കുട്ടി മുതലാളി, നെടുമ്പുര പടിഞ്ഞാക്കര മുണ്ടവൈദ്യര്‍ മകന്‍ മാധവന്‍ വൈദ്യര്‍, പള്ളിക്കല്‍ ടി.എന്‍.വിദ്യാധരന്‍ മാസ്റ്റര്‍, വെട്ടിക്കാട്ടിരി പുരുഷോത്തമപണിക്കര്‍ എന്നിവരുടെ ശ്രമഫലമായാണ് ഇന്ന് നിലവിലുള്ള വിദ്യാലയങ്ങള്‍ മിക്കതും സ്ഥാപിതമായിരിക്കുന്നത്. ചെറുതുരുത്തി ഗവണ്‍മെന്റ് ഹൈസ്ക്കൂള്‍, കലാമണ്ഡലം ഗവണ്‍മെന്റ് ആര്‍ട്സ് ഹൈസ്ക്കൂള്‍, പള്ളിക്കല്‍ എയിഡസ് യു.പി.സ്ക്കൂള്‍, ചെറുതുരുത്തി എസ്.എന്‍.ടി.ടി.ഐ നെടുമ്പുര, എം.വി.എം.എല്‍.പി.സ്ക്കൂള്‍, ചെറുതുരുത്തി, ഗവണ്‍മെന്റ് എല്‍.പി.സ്ക്കുള്‍ എന്നിവയാണ് ഈ പഞ്ചായത്തിലെ പ്രധാന വിദ്യാലയങ്ങള്‍. ഇപ്പോഴത്തെ ഗവണ്‍മെന്റ് ഹൈസ്ക്കൂള്‍, കേവലം എല്‍.പി.വിഭാഗമായി ആരംഭിച്ച സ്കൂളാണ്. പിന്നീട് മണ്ണഴി മനക്കാര്‍ ഏറ്റെടുത്ത് നടത്തിവന്നു. ഏതാണ്ട് 1940-ഓടുകൂടി സ്ക്കൂള്‍ ഗവണ്‍മെന്റ് ഏറ്റെടുത്തു. 1947-ഓടുകൂടി എല്‍.പി, യു.പി, ഹൈസ്ക്കൂള്‍ എന്നീ മൂന്നു വിഭാഗങ്ങളും പ്രവര്‍ത്തിച്ചുതുടങ്ങി. 1949-ല്‍ ആദ്യത്തെ എസ്.എസ്.എല്‍.സി ബാച്ച് പുറത്തിറങ്ങി. ഈ പഞ്ചായത്തില്‍ ആദ്യമായി ഒരു അപ്പര്‍പ്രൈമറി സ്ക്കൂള്‍ സ്ഥാപിച്ചത് കൊളമ്പില്‍ പടിഞ്ഞാക്കര യൂസഫ് ഹജിയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിലായിരുന്നു അതുണ്ടായത്. ഇന്നത്തെ ശ്രീതിലകം കോമ്പൌണ്ടിന് വടക്കുവശത്തായി മണ്ണഴിമന വക ഒരു ലോവര്‍പ്രൈമറി സ്ക്കൂളും തുടങ്ങിയിരുന്നു. ആ സ്ഥാപനം പില്‍ക്കാലത്ത് ഏഴാം ക്ലാസ്സ് വരെ ഉയര്‍ത്തുകയും സര്‍ക്കാര്‍ ഏറ്റെടുത്ത് പ്രവര്‍ത്തനം തുടരുകയും ചെയ്തു. 1957-ല്‍ നെടുമ്പൂരയിലെ മുണ്ടവൈദ്യന്‍ മെമ്മോറിയല്‍ എല്‍.പി.സ്ക്കൂളും 1955-ല്‍ പള്ളിക്കല്‍ യു.പി.സ്ക്കൂളും 1976-ല്‍ വെട്ടിക്കാട്ടിരി ശ്രീനരായണ എല്‍.പി.സ്ക്കൂളും സ്ഥാപിക്കപ്പെട്ടു.
സാംസ്കാരിക ചരിത്രം
കേരളത്തിലെ പാരമ്പര്യകലകളായ കഥകളി, ചാക്യാര്‍കൂത്ത്, തുളളല്‍, മോഹിനിയാട്ടം മുതലായവയുടെ പുനരുദ്ധാരണത്തിനും പ്രോല്‍സാഹനത്തിനുമായി മഹാകവി വള്ളത്തോളും മുകുന്ദരാജയും മറ്റു സുഹൃത്തുക്കളും ചേര്‍ന്ന് 1927 ഡിസംബര്‍ 20-ന് കേരളകലാമണ്ഡലം എന്ന പേരില്‍ കോഴിക്കോട് കേന്ദ്രമായി ഒരു സംഘം രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ സാമ്പത്തികബുദ്ധിമുട്ടുകള്‍ മൂലം ഒരു വിദ്യാലയം തുടങ്ങാന്‍ പിന്നെയും മൂന്നു വര്‍ഷങ്ങള്‍ കൂടി കാത്തിരിക്കേണ്ടിവന്നു. 1930 നവംബര്‍ 9-ന് കഥകളിക്കമ്പക്കാരനായിരുന്ന കക്കാട്ട് കുഞ്ഞുണ്ണിത്തമ്പുരാന്റെ വസതിയായ മംപ്പാട്ടിലെ തെക്കിനിയില്‍, കേരളകലാമണ്ഡലം എന്ന വിദ്യാലയം, കളിവിളക്ക് തെളിയിച്ചുകൊണ്ട് വള്ളത്തോള്‍ ഉദ്ഘാടനം ചെയ്തു. പലവിധ അസൌകര്യങ്ങള്‍ നിമിത്തം 1931 ഏപ്രില്‍ മാസത്തില്‍ ആ വിദ്യാലയം മുളങ്കുന്നത്തുകാവിനടുത്തുള്ള അമ്പലപ്പുരം എന്ന സ്ഥലത്തേക്കു മാറ്റി സ്ഥാപിച്ചു. വിദ്യര്‍ത്ഥികള്‍ വര്‍ദ്ധിച്ചതോടെ അവിടെയും സൌകര്യങ്ങളുടെ പരിമിതി പ്രവര്‍ത്തനങ്ങളെ ബാധിക്കാന്‍ തുടങ്ങി. സുകുമാര കലകളും പ്രകൃതിയുമായുള്ള അഭേദ്യബന്ധം കണ്ടറിഞ്ഞിരുന്ന മഹാകവി വള്ളത്തോള്‍ പുതിയ സ്ഥലത്തിനുവേണ്ടിയുള്ള അന്വേഷണം അവസാനിപ്പിച്ചത് നിളാനദിക്കരയിലുള്ള പ്രകൃതിരമണീയമായ ചെറുതുരുത്തിയിലാണ്. 1936-ല്‍ കേരളകലാമണ്ഡലം അമ്പലപുരത്തു നിന്നും ചെറുതുരുത്തിയിലെ വളക്കൂറുള്ള മണ്ണിലേക്ക് പറിച്ചുനടപ്പെട്ടു. നിളയുടെ കളകളാരവത്തിന്റെ പശ്ചാത്തലത്തില്‍ കേളികൊട്ടിന്റെയും ചിലങ്കകളുടെയും മിഴാവിന്റെയും ഇലത്താളത്തിന്റെയും മധുരധ്വനികളുയര്‍ന്നു. ആ കളിവിളക്കില്‍ പിന്നീടൊരിക്കലും കരിന്തിരി കത്തിയില്ല. 1938 നവംബറില്‍ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം, കലാമണ്ഡലത്തിന്റെ എട്ടാം വാര്‍ഷികം, വള്ളത്തോളിന്റെ ഷഷ്ടിപൂര്‍ത്തി എന്നിവ ഒന്നിച്ചാഘോഷിച്ചു. 1941-ല്‍ കൊച്ചി മഹാരാജാവ് കലാമണ്ഡലം ഏറ്റെടുത്തു. ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്റുവിന് കലാമണ്ഡലത്തിനോട് പ്രത്യേകമായ ഒരു വാത്സല്യമുണ്ടായിരുന്നു. ജവഹര്‍ലാല്‍ നെഹ്റു കലാമണ്ഡലം രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുന്നതിന് വന്നപ്പോള്‍, അക്കാലത്ത് പഞ്ചായത്തുപ്രസിഡന്റായിരുന്ന കെ.പി.മൊയ്തുസാഹിബ്, പ്രധാനമന്ത്രിക്ക് ആദ്യസ്വീകരണം നല്‍കേണ്ടത് പഞ്ചായത്താണെന്ന് പ്രഖ്യാപിക്കുകയുണ്ടായി. തുടര്‍ന്ന് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു പഞ്ചായത്തുവക സ്വീകരണം ഏറുവാങ്ങിയതിനു ശേഷംമാത്രമാണ് കലാമണ്ഡലത്തിന്റെ പരിപാടിയില്‍ പങ്കെടുത്തത് എന്നുള്ളത് അവിസ്മരണീയസംഭവമായി ഇന്നും വിലയിരുത്തപ്പെടുന്നു. 1955 ഡിസംബര്‍ 26-നു രജതജൂബിലി ആഘോഷങ്ങള്‍ അദ്ദേഹമാണ് ഉദ്ഘാടനം ചെയ്തത്. കൂടാതെ കലാമണ്ഡലത്തിന്റെ വികസനത്തിനുവേണ്ടി ഒരു ലക്ഷം രൂപ അനുവദിക്കുകയും ചെയ്യുകയുണ്ടായി. മുന്‍പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയും വി.പി.സിംഗും കലാമണ്ഡലം സന്ദര്‍ശിച്ച പ്രമുഖരില്‍ പെടുന്നു. 1957-ല്‍ കലാമണ്ഡലം കേരളസര്‍ക്കാര്‍ ഏറ്റെടുത്തു. കൊച്ചിന്‍-ഷൊര്‍ണ്ണൂര്‍ റെയില്‍വേ ലൈന്‍ വള്ളത്തോള്‍ നഗര്‍ പഞ്ചായത്തില്‍കൂടി കടന്നുപോകുന്നു. വള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്റ്റേഷന്‍ ഈ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു.